മരണപ്പാച്ചിൽ
“സമയം എട്ട് മണിയായി…
നീ എണീക്കുന്നില്ലേ..?
നിനക്കല്ലേ എവിടെയോ
പോകാനുണ്ടെന്ന് പറഞ്ഞത്…”
ഉമ്മയുടെ ഉറക്കെയുളള വിളി കേട്ടാണ് ഇക്ബാൽ കിടക്കയിൽ നിന്നെഴുന്നേൽക്കുന്നത്.
ഇനിയും കിടന്നാൽ ചെവിതല കേൾപ്പിക്കില്ലെന്ന് ഇക്ബാലിനറിയാം… അവൻ എഴുന്നേറ്റു ഉമ്മറത്തേക്കിറങ്ങി.
ഉമ്മാ…
പേപ്പർ വന്നിക്കില്ലേ…?
” അവന് തോന്നിയ സമയമാ…
ചിലപ്പോ നേരത്തെ വരും..
ചിലപ്പോ പത്തു മണിയാവും…
സൈക്കിളും തളളി
ഈ കയറ്റമൊക്കെ കയറി വരണ്ടേ…
എന്തായാലും പേപ്പർ കൊണ്ട് വരുന്നുണ്ടല്ലോ അത് തന്നെ ഭാഗ്യം…”
ഉമ്മ പറഞ്ഞു.
കുളിക്കാനുളള തോർത്തും അരയിൽ ചുറ്റി മുറ്റത്ത് വെറുതേ അഭ്യാസം കളിക്കുകയാണ് ഇക്ബാൽ.
“ഉമ്മാ..
ആ വെളിച്ചെണ്ണക്കുപ്പി എടുത്തേരോ…”
അടുക്കളയിലെ തിരക്കു പിടിച്ച പണികൾക്കിടയിലും ഉമ്മറത്തെ പടിയിൽ വെളിച്ചെണ്ണക്കുപ്പിയെത്തി.
വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൈക്കിളും തളളി പത്രക്കാരൻ സമീർ വരുന്നത്. മലഞ്ചെരിവിലൂടെ വലിയൊരു കയറ്റം കയറി വേണം ഇക്‌ബാലിന്റെ വീട്ടിലെത്താൻ.
ട്രിണീം… ട്രിണീം…
“പേപ്പർ… പേപ്പർ…”
സമീർ വിളിച്ചു പറയുന്നു..
സമയം രാവിലെ ഒമ്പത് മണിയോടടുത്തിട്ടുണ്ട്.
പഴയൊരു പാന്റും തവിട്ടുനിറത്തിലുളെളാരു ടീഷർട്ടും,
ബ്രേക്ക് പേരിനുമാത്രം ബ്രേക്കുളെളാരു സൈക്കിളും…
എല്ലാരോടും സംസാരിച്ചും
തമാശ പറഞ്ഞും,
വളരെ ആസ്വദിച്ചാണ്
സമീറിന്റെ പത്ര വിതരണം..
ഒരു മാസമായി സമീർ ഈ പ്രദേശത്ത്
പത്രവിതരണം തുടങ്ങിയിട്ട്,
സ്വഭാവത്തിലെ പ്രത്യേകത കൊണ്ട് എല്ലാവരുമായി പെട്ടെന്ന് കൂട്ടാവാൻ സമീറിന് കഴിഞ്ഞു.
നല്ല വിദ്യാസമ്പന്നനാണ്, എന്നിരുന്നാലും ഉപജീവനമാർഗത്തിനല്ലാതെ
പത്രവിതരണം ചെയ്യുന്നു.
കോണിപ്പടികളിറങ്ങി ഇക്ബാലിന്റെ സഹോദരി നജീബയാണ് പത്രം വാങ്ങിയത്.
“സൈക്കിളൊന്ന് നന്നാക്കാൻ കൊടുക്കണം…
ബ്രേക്കൊക്കെ ഒന്ന് ശരിയാക്കണം…
ഇനിയും കുറച്ച് വീട്ടിലൂടെ പത്രം കൊടുക്കാനുണ്ട്.”
നജീബയോട് സംസാരിച്ച് അവൻ സൈക്കിളിൽ കയറി റോഡിലൂടെ വലിയ ഇറക്കമിറങ്ങി മുന്നോട്ട് പോയി.
നജീബ പത്രവുമായി കോണിപ്പടികൾ കയറി വീടിന്റെ ഉമ്മറത്തേക്ക് വന്നു.
ഇക്ബാൽ മുറ്റത്തെ പൈപ്പിനരികിൽ നിന്ന് ചെരുപ്പ് കഴുകുകയാണ്.
അളേളാ…
ഓടിവാ…
ഓടിവാ….
ഓ… അളേളാ…
ഉറക്കെയുളള നിലവിളി കേട്ട് ഇക്ബാൽ ഉമ്മാനെ വിളിച്ചു.
ഏതോ ഒരു സ്ത്രീയാണ് കരയുന്നത്.
ഉമ്മാ…
താഴേന്ന് ആരോ കരയുന്ന കേക്ക്ന്ന്… ഞാൻ വര്ന്ന് ട്ടോ…”
വീട്ടിലിടുന്ന ലുങ്കിമുണ്ടും
അരയിൽ കെട്ടിയ തോർത്തും
മുറുക്കിയുടുത്ത്, ഇക്ബാൽ നിലവിളി കേട്ട സ്ഥലത്തേക്ക് പാഞ്ഞു…
ഇക്ബാൽ ടാറിട്ട റോഡിലൂടെ നഗ്നപാദനായി കിതച്ചു കൊണ്ട് ഓടി. അയൽവാസി ഹഫ്സയാണ് കരയുന്നത്. തൊട്ടടുത്ത് ഒരു സൈക്കിളും കിടപ്പുണ്ട്. റോഡിന്റെ ഇറക്കത്തിലെ വളവിൽ ചെറിയ ഒരു മുസ്ലിം പളളിയുണ്ട്. പുതുതായി പണികഴിഞ്ഞ റോഡാണ്. റോഡിന്റെ വളവിൽ തടയണയായി ചെറിയ കോൺക്രീറ്റ് തറകൾ പണിത് വെച്ചിരിക്കുന്നു.
അയൽവാസി ഹഫ്സയാണ് കരയുന്നത്. ഹഫ്സ ഒന്നും പറയാനാവാതെ സൈക്കിളിന്റെ അടുത്ത് വന്ന്
താഴോട്ട് ചൂണ്ടിക്കാണിച്ചു.
പത്തടി താഴ്ചയുളള പാറക്കൂട്ടങ്ങൾ നിറഞ്ഞ സ്ഥലമാണത്.
താഴേക്ക് എത്തിനോക്കിയപ്പോൾ
കണ്ട കാഴ്ചയിൽ തന്നെ
ഇക്ബാലിന് തലകറങ്ങി.
അൽപം മുമ്പ് തന്നോട് കുശലം പറഞ്ഞും, തമാശ പറഞ്ഞും, സൈക്കിളിൽ കയറിപ്പോയ സമീറാണ് താഴെ പാറക്കൂട്ടങ്ങൾക്കിടയിൽ കിടക്കുന്നത്.
അനക്കമൊന്നുമില്ല..
പാറകൾക്കിടയിലെ ചെറിയ വെളളക്കെട്ടിൽ രക്തം
തളം കെട്ടിക്കിടക്കുന്നു.
ആത്മധൈര്യം സംഭരിച്ച് ഇക്ബാൽ പളളിക്കരികിലെ വഴിയിലൂടെ സമീറിന്റെ രക്ഷക്കായി ഇറങ്ങിച്ചെന്നു. അപ്പോഴേക്കും അയൽവാസികളായ റഷീദും ബിജുവും എത്തിയിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലെ പുല്ലുകൾ വകഞ്ഞു മാറ്റിക്കൊണ്ട് മൂന്ന് പേരും സമീറിന്റെ അടുത്തെത്തി. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് മുറിവേറ്റിരുന്ന സമീറിൽ ഒരു ഞരക്കം മാത്രമേയുളളൂ. തൊട്ടടുത്ത കൂർത്ത മുനയുളള കല്ലിൽ നിന്നും
രക്തം ഇറ്റി വീഴുന്നു…
സമീറിനെ എടുക്കണമെങ്കിൽ വഴുവഴുത്ത പാറയിൽ ഇറങ്ങണം. പാറക്കെട്ടുകൾക്കിടയിലെ വെളളച്ചാലുകളും നീരുറവകളും അവർക്ക് ഇറങ്ങാൻ തടസ്സമായി നിൽക്കുന്നു.
റഷീദിന്റെ കൈപിടിച്ച് ബിജു പതുക്കെ പാറയിൽ ചവിട്ടി താഴേക്കിറങ്ങി. പാറകൾക്കിടയിൽ വളർന്നു വന്ന കാട്ടുചെടിയെ കൂട്ടിപ്പിടിച്ച് സമീറിനെ കൈയിലെടുക്കാൻ ശ്രമിച്ചു.
ഇക്ബാലും പതുക്കെ പാറക്കെട്ടുകളിലൂടെ നിരങ്ങിയിറങ്ങി…
സമീറിന്റെ തലഭാഗം കൈയിലെടുക്കാൻ ശ്രമിച്ചതും ഇക്ബാലിന്റെ കൈകളിലേക്ക് തലയിൽ നിന്നും രക്തം തെറിച്ചു. അപ്പോഴാണ് അവർ ആ മുറിവ് കണ്ടത്. തലപൊട്ടി തലയോട്ടി പിളർന്നിരിക്കുന്നു. ഇക്ബാൽ തന്റെ അരയിൽ കെട്ടിയ തോർത്തഴിച്ച് രക്തം വാർന്നൊഴുകുന്ന മുറിവിലേക്ക് അമർത്തി കൂട്ടിപ്പിടിച്ചു.
വൈകുന്ന ഓരോ നിമഷങ്ങളും ജീവന് ഭീഷണിയാവുമെന്ന് മനസ്സിലാക്കിയ അവർ സമീറിനെ ഇരുഭാഗവും ചേർന്ന് പിടിച്ച് റോഡിലേക്കെത്തിച്ചു.
അപ്പോഴേക്കും റോഡിൽ അയൽവാസികളായ സ്ത്രീകളും കുട്ടികളുമെത്തിയിരുന്നു. എല്ലാവരുടെയും മുഖത്ത് ആശങ്ക നിഴലിച്ചു. എങ്ങിനെ ആശുപത്രിയിലെത്തിക്കും…?
ചുറ്റുപാടുളള വീടുകളിലൊന്നും വാഹനമില്ല. അപ്പോഴേക്കും റഷീദിന്റെ മകൻ മൊബൈൽ ഫോണുമായി വന്നു. അവൻ ആരെയൊക്കെയോ വിളിച്ചു നോക്കുന്നുണ്ട്. ഇക്ബാലിന്റെ മടിയിൽ കിടത്തിയ സമീറിന് അനക്കമില്ല. ഇക്ബാൽ സമീറിനെ വിളിച്ചു നോക്കി…
സമീർക്കാ…
സമീർക്കാ…
സമീ….
ഇക്ബാലിന്റെ നെഞ്ചിടിപ്പ് കൂടി. രക്തത്തിൽ കുതിർന്ന കൈകൾ വിറയ്ക്കാൻ തുടങ്ങി.
ചുറ്റുപാടും നിന്നവർ പരസ്പരം നോക്കി…
എങ്ങും നിശബ്ദത നിറഞ്ഞു…
അളളാഹുവിന്റെ ഭവനത്തിന്
ചാരെ വീണ് സമീർ നിശ്ചലനായോ…?
നിശബ്ദതക്ക് ഭംഗം വരുത്തി ഇക്ബാൽ ബിജുവിനോട് ചോദിച്ചു.
“ങ്ങടെ ലോറി ആടണ്ടോ..?
കാര്യം മനസ്സിലായ റഷീദ് ബിജുവിനോട് എത്രയും പെട്ടെന്ന് ലോറിയുമായി വരാൻ പറഞ്ഞു. ബിജു ലോറിയെടുക്കാൻ വീട്ടിലേക്കോടി. സമീറിപ്പോഴും ബോധരഹിതനായി കിടക്കുകയാണ്.
ബിജുവിന്റെ മിനിലോറി പാഞ്ഞു വന്നു. സമീറിനെ എടുത്ത് കയറ്റാൻ പാകത്തിൽ ബിജു ലോറിയൊതുക്കി. പിൻഭാഗത്തെ ഡോറിന്റെ ചങ്ങലക്കൊളുത്തഴിച്ച്
ഡോർ തുറന്നു.
റഷീദ് ഇക്ബാലിന്റെ കൈയിൽ നിന്നും സമീറിനെ താങ്ങിയെടുത്തു.
ഇക്ബാൽ ലോറിയിൽ കയറി കാൽ നീട്ടിയിരുന്നു.
ബിജുവും റഷീദും സമീറിനെ
ഇക്ബാലിന്റെ മടിയിൽ തലവെച്ച് കിടത്തിക്കൊടുത്തു.
താഴ്ന്നു കിടക്കുന്ന ഡോർ ഉയർത്തി വലിച്ചടച്ച്, ചങ്ങലക്കൊളുത്തിൽ ബന്ധിച്ചു.
ബിജു വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴേക്കും റഷീദ് മുൻവശത്ത് കയറിയിരുന്നു.
തലയിൽ നിന്ന് രക്തം ഒഴുകാതിരിക്കാൻ സമീറിന്റെ തല ഇക്ബാൽ തന്റെ വയറിനോട് ചേർത്ത് പിടിച്ചു.
ഹോസ്പിറ്റൽ ലക്ഷ്യമാക്കി ആ മിനിലോറി വേഗത കൂട്ടിക്കൊണ്ടിരുന്നു.
നെടുവീർപ്പുകളോടെ
ഈ കാഴ്ചകൾക്ക് പ്രദേശവാസികൾ സാക്ഷ്യം വഹിച്ചു.
സമീർ സൈക്കിളിൽ വന്ന അതേ വഴികളിലൂടെ വലിയ കയറ്റം കയറി, ഇറക്കമിറങ്ങി മിനിലോറി ചീറിപ്പാഞ്ഞു.
സമീറിന്റെ തലയും വയറിനോട് ചേർത്ത് ഇക്ബാൽ പിടിച്ചിരുന്നു.
റോഡിലെ കുഴികളിൽ കയറിയിറങ്ങുന്ന ടയറുകളുടെ ഉലച്ചിലുകൾക്കിടയിലും സമീറിന്റെ ജീവന്റെ ശേഷിപ്പ് തങ്ങളുടെ കൈകളിലാണെന്ന് ഇക്ബാൽ ചിന്തിച്ചു.
പുറത്ത് നിന്ന് ലോറിയിലേക്ക് നോക്കിയാൽ, നെഞ്ചിലും വയറിലും രകതം ചിതറിത്തെറിച്ച്
കുപ്പായമിടാതെ, വിളറിവെളുത്ത മുഖവുമായി തലകുനിച്ചിരിക്കുന്ന ഇക്ബാലിനെയാണ് കാണുന്നത്.
ഹെഡ് ലൈറ്റും കത്തിച്ച് ഉറക്കെ ഹോണും മുഴക്കി ടൗണിലെ സ്വകാര്യ ഹോസ്പിറ്റൽ ലക്ഷ്യമാക്കി മിനിലോറി പാഞ്ഞു കൊണ്ടിരുന്നു. ബിജുവിന്റെ കാൽ ലോറിയുടെ ആക്സിലേറ്ററിൽ ഞെരിഞ്ഞമർന്നു.
ടൗണിലെ പ്രധാന റോഡ് എത്തുന്നതിന്റെ മുമ്പേ രക്തത്തിൽ കുളിച്ച ഇക്ബാലിനെ കണ്ട് ചിലർ ബൈക്കുകളുമായി മിനിലോറിയുടെ പിറകെ വന്നു.
“ഇക്ബാലേ…”
എന്താ പറ്റിയത്…?
ചോദ്യം കേട്ട സ്ഥലത്തേക്ക് ഇക്ബാൽ തലയുയർത്തി നോക്കി…
മജീദാണ്…!
“മജീദ്ക്കാ..
നിങ്ങളും കൂടെ വാ…
സമീറിന് ഒരു അപകടം പറ്റി…
ഹോസ്പിറ്റലിലേക്ക് വാ… “
മനസ്സിൽ പറയാനല്ലാതെ ഒന്ന് വാ തുറക്കാൻ പോലും ഇക്ബാലിന് പറ്റിയില്ല. നിസ്സഹായനായി ഇക്ബാൽ തന്റെ മടിയിൽ കിടക്കുന്ന സമീറിനെ ഒന്ന് നോക്കുക മാത്രം ചെയ്തു.
ടൗണിലെ സ്വകാര്യ ആശുപത്രിയിലേക്ക് ലോറി കയറുമ്പോഴേക്കും വിവരമറിഞ്ഞ് ഒരുക്കിവെച്ച പോലെ ട്രോളിയെത്തി. വളരെപ്പെട്ടെന്ന് തന്നെ ഇക്ബാലിന്റെ മടിയിൽ നിന്നും സമീറിനെ ചുറ്റും കൂടിയവർ പുറത്തിറക്കി.
” ഡോക്ടറെ വിളിക്ക്…”
മജീദ് വിളിച്ചു പറഞ്ഞു.
ഓടിയെത്തിയ ഡോക്ടറും നഴ്സുമാരും ട്രോളിയിൽ തന്നെ കിടത്തി സമീറിനെ പരിശോധിച്ചു. സമീറിന്റെ തലയിലെ മുറിവിൽ ചേർത്തു വെച്ച തോർത്ത് മാറ്റി ഡോക്ടർ മുറിവ് നോക്കി. രക്തം വീണ്ടും വാർന്നു പോകാതിരിക്കാനായി ഒരു നേഴ്സ് സമീറിന്റെ തലയിൽ വലിയ പഞ്ഞിക്കെട്ടുകൾ വെച്ച് താടിയെല്ലിന് കൂട്ടിക്കെട്ടി.
“ഞങ്ങൾക്ക് ഇവിടെ കൂടുതലായി
ഒന്നും ചെയ്യാൻ കഴിയില്ല.
എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിലെത്തിക്കണം.
രക്തം ഒരുപാട് നഷ്ടപ്പെട്ടിട്ടുണ്ട്.”
– ഡോക്ടർ പറഞ്ഞു.
അത് കേട്ട ഉടനെ ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവർ നൗഫൽ ആംബുലൻസ് ഷെഡിലേക്കോടി.
നഴ്സുമാരിൽ ഒരാൾ സമീറിന് ഒരു ഇഞ്ചക്ഷൻ കൂടി കൊടുത്തു.
ആംബുലൻസിന്റെ ഡോർ തുറന്ന്
നൗഫൽ സ്ട്രെച്ചറിറക്കി.
വിവരമറിഞ്ഞെത്തിയവർ ആംബുലൻസിന്റെ ചുറ്റും കൂടി. ഡോക്ടർ എഴുതിക്കൊടുത്ത കുറിപ്പ് നേഴ്സ് ഇക്ബാലിനെയേൽപ്പിച്ചു. രക്തം പുരണ്ട കൈകളാൽ ഇക്ബാൽ കുറിപ്പ് വാങ്ങി നോക്കി.
സമീർ,
32 വയസ്സ്…
അതിനു താഴെയായി നീട്ടിയും ചുറ്റിയും ഡോക്ടറുടെ ഭാഷയിൽ നാലു വരകൾ…
ഹോസ്പിറ്റലിലേക്ക് ഇക്ബാലിന്റെ ജേഷ്ഠസഹോദരൻ ഇസ്ഹാഖുമെത്തി. ഇക്ബാൽ രക്തത്തിൽ കുളിച്ച് ലോറിയിൽ പോകുന്നത് ഇസ്ഹാഖിനോട് ആരോ ഫോൺ വിളിച്ചു പറഞ്ഞതാണ്.
കിതച്ചു കൊണ്ട് ഓടി വന്ന ഇസ്ഹാഖിന് ഇക്ബാലിനെ കണ്ടപ്പോൾ ആശ്വാസമായി. നിമിഷനേരം കൊണ്ട് സാഹചര്യം മനസ്സിലാക്കിയ ഇസ്ഹാഖ് സമയോചിതമായി ഇടപെട്ടു. ആശുപത്രിക്കടുത്തെ കടയിൽ നിന്നൊരു ടീഷർട്ട് വാങ്ങി ഇക്ബാലിന് കൊടുത്തു.
ഹോസ്പ്റ്റലിലെ അറ്റൻഡർമാർ സമീറിനെ ആംബുലൻസിലെ സ്ട്രെച്ചറിലേക്ക് മാറ്റിക്കിടത്തി.
നിമിഷങ്ങൾക്കുളളിൽ സ്ട്രെച്ചർ തളളി ഉളളിലാക്കി സമീറിനെ ബെൽറ്റിൽ ബന്ധിച്ചു. കൈയിൽ ചുരുട്ടിപ്പിടിച്ച കുറിപ്പുമായി ഇക്ബാലും,
തൊട്ടു പിറകെ സഹോദരൻ ഇസ്ഹാഖും, റഷീദും ആംബുലൻസിൽ കയറി.
നൗഫൽ ആംബുലൻസ് സ്റ്റാർട്ടാക്കി.
വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരനായ ബഷീർ മുൻവശത്തെ ഡോർ തുറന്ന് ആംബുലൻസിൽ കയറി. ബിജുവിനോടും മജീദിനോടും സമീറിന്റെ ബന്ധുക്കളെ വിവരമറിയിക്കാൻ ഏൽപിച്ചു.
നിലത്തുവിരിച്ച സിമന്റുകട്ടകളിൽ പ്രഹരമേൽപിച്ചു കൊണ്ട് ആംബുലൻസ് മുന്നോട്ടെടുത്തു.
സൈറൺ മുഴങ്ങി…
ഉച്ചത്തിലുളള ഹോണും… ഹെഡ്ലൈറ്റും തെളിച്ചു കൊണ്ട് ടൗണിലെ വാഹനത്തിരക്കുകൾക്കിടയിലൂടെ മെഡിക്കൽ കോളേജിലേക്ക്…
ആംബുലൻസിലെ സ്ടെച്ചറിൽ ചലനമറ്റു കിടക്കുകയാണ് സമീർ. ഇസ്ഹാഖിനും ബഷീറിനും തുടരെ ഫോൺ കോളുകൾ വരുന്നുണ്ട്. വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരുമൊക്കെയാണ് വിളിക്കുന്നത്. ആംബുലൻസ് പകുതിദൂരം പിന്നിട്ടു. സമീറിൽ ഒരു ചലനമുണ്ടായി. കൈകാലുകൾ നിവർത്താൻ ശ്രമിക്കുന്നത് പോലെ. ഇക്ബാൽ സമീറിന്റെ കൈ തന്റെ കൈക്കുളളിലാക്കി കോർത്തു പിടിച്ചു. റഷീദ് യാന്ത്രികമായെന്നോണം സമീറിനെ ബന്ധിച്ച ബെൽറ്റുകളെ അയച്ചു കൊടുത്തു.
“നമ്മുടെ കൈയിൽ നിന്നും കാര്യങ്ങൾ വഴുതിപ്പോവുകയാണ്.”
“ജീവൻ നൽകിയവന് ആ ജീവൻ തിരിച്ചെടുക്കാനും അവകാശമുണ്ട്.”
” ദിഖ്റുകൾ ചൊല്ലിക്കൊടുക്കുക… “
റഷീദ് ഇക്ബാലിനോട് പറഞ്ഞു.
(ഇസ്ലാം മതവിശ്വാസികൾക്കിടയിൽ മരണാസന്നനായി കിടക്കുന്നവർക്ക് മന്ത്രം ചൊല്ലിക്കൊടുക്കുക പതിവാണ്)
അശ്ഹദു അൻ –
ലാ ഇലാഹ ഇല്ലളളാഹു വ അശ്ഹദു അന്ന മുഹമ്മദ റസൂലുളളാഹ്…
ലാ ഇലാഹ ഇല്ലളളാഹു ലാ ഇലാഹ ഇല്ലളളാഹ്…
സമീറിന്റെ അവസാന ശ്വാസങ്ങളിലെ അന്തരീക്ഷം പ്രാർത്ഥനാഭരിതമാക്കാൻ ഇക്ബാൽ ശ്രമിച്ചു. തിരക്കുകളൊഴിഞ്ഞ വലിയ റോഡിലൂടെ ആംബുലൻസ് ചീറിപ്പാഞ്ഞു.
ഇനി ഇരുപത് മിനുറ്റ് കൂടി കഴിഞ്ഞാൽ മെഡിക്കൽ കോളേജിലെത്തും.
സമീറിന്റെ കൈ പതുക്കെ അയഞ്ഞു കൊണ്ടിരുന്നു.
ജീവന്റെ അവസാന തുടിപ്പുകൾ സമീറിൽ ശേഷിക്കുന്നുണ്ടോ..?
ഇക്ബാലിന്റെ കൈകളോട് കോർത്തിണക്കിപ്പിടിച്ച സമീറിന്റെ കൈകൾ അയഞ്ഞു…
തല പതുക്കെ ചെരിഞ്ഞു സ്വതന്ത്രമായി…
കാലുകൾ ആബുംലൻസിന്റെ കുലുക്കത്തിനനുസരിച്ച്
ആടാൻ തുടങ്ങി…
തുറന്നുവെച്ച കണ്ണുകളുടെ മുകളിലൂടെ ഇക്ബാലിന്റെ കൈകൾ പതുക്കെയുഴിഞ്ഞ് കണ്ണുകളിലേക്കുളള അവസാന പ്രകാശവും അണച്ചു കൊടുത്തു…
സമീറെന്ന ആ ചെറുപ്പക്കാരന്റെ ശരീരത്തിന് മറ്റൊരു പേര് ചാർത്തപ്പെട്ടു.
മയ്യത്ത്…!
” ഇന്നാലില്ലാഹി
വ ഇന്നാ ഇലൈഹി
റാജിഊൻ… “
റഷീദ് ഉറക്കെ പറഞ്ഞു. ഇത് കേട്ട് ആംബുലൻസിന്റെ മുന്നിലിരുന്ന ബഷീർ തിരിഞ്ഞു നോക്കി.
സമീർ മരണത്തിന് കീഴടങ്ങിയിട്ടും ആംബുലൻസ് വേഗത കുറയ്ക്കാതെ പാഞ്ഞുകൊണ്ടിരുന്നു.
ഇന്ന് സമീറിന് പതിവിന് വിപരീതമായ ചില പ്രവൃത്തികൾ ഉണ്ടായിരുന്നു.
പത്രവിതരണം ചെയ്ത് വരുന്ന വഴി ഒരു വീട്ടിൽ നിന്നും ദാഹം മാറുവോളം വെളളം കോരിക്കുടിച്ചു..
എല്ലാവരോടും പതിവിൽ കൂടുതൽ സംസാരിച്ചു..
സൈക്കിളിന്റെ പണികളൊക്കെ കഴിപ്പിച്ച് പുത്തനാക്കണമെന്ന് പറഞ്ഞു…
സമീറിൽ ഇന്ന് കണ്ട മാറ്റങ്ങൾ മരണത്തിന് മുമ്പ് മനുഷ്യനുണ്ടാകുന്ന പ്രത്യേക സ്വഭാവമാറ്റങ്ങളാവാമെന്ന് ഇക്ബാൽ ചിന്തിച്ചു.
പലതും ആലോചിച്ച് ഇക്ബാലിന്റെ മനസ്സ് വിങ്ങിപ്പൊട്ടി.
കണ്ണീർത്തുളളികൾ
തുളുമ്പി വീണു…
റഷീദിന്റെ കണ്ണുകളും കലങ്ങി.
ഇസ്ഹാഖിന്റെ മനസ്സിലും സങ്കടങ്ങളുടെ വേലിയേറ്റങ്ങളുണ്ടായി.
മൂന്ന് പേരും സമീറിന്റെ പ്രാണൻ അലിഞ്ഞില്ലാതാവുന്നതിന് സാക്ഷികളായി…
ആംബുലൻസ് മെഡിക്കൽ കോളേജിന്റെ ഗേറ്റ് കടന്നു ഉളളിലേക്ക് പ്രവേശിച്ചു.
സൈറണും ഹെഡ്ലൈറ്റും ഓഫാക്കി.
ഹോണടിയും നിലച്ചു.
അത്യാഹിത വിഭാഗത്തിലെ
പോർച്ചിലേക്ക് നൗഫൽ
ആംബുലൻസ് ഒതുക്കി.
സ്ട്രെച്ചർ വന്നു.
നൗഫൽ ഡോർ തുറന്ന് കൊടുത്തു.
നൗഫൽ ഡോർ തുറന്ന് കൊടുത്തു.
റഷീദ് ഇറങ്ങി..
ഇസ്ഹാഖ് ഇറങ്ങി..
തൊട്ടുപുറകിലായി ഇക്ബാലുമിറങ്ങി..
ആരും പരസ്പരം സംസാരിക്കുന്നില്ല.
ബഷീർ ഇറങ്ങിവന്ന് ഇക്ബാലിന്റെ കൈയിൽ നിന്നും ഡോക്ടറുടെ കുറിപ്പ് വാങ്ങി മെഡിക്കൽ കോളേജിലെ പുതിയ ശീട്ടെടുക്കാൻ പോയി.
സമീറിന്റെ ശരീരം പുതിയ സ്ട്രെച്ചറിലേക്ക് മാറ്റി. അത്യാഹിതവാർഡിലെ ഡോക്ടർമാർ ഇരിക്കുന്നിടത്തേക്ക് സ്ട്രെച്ചറും തളളി ഇക്ബാലും ഇസ്ഹാഖും റഷീദും നടന്നു.
മെഡിക്കൽ കോളേജിലെ ശീട്ടുമായി ബഷീറുമെത്തി. ഡോക്ടറെ കാണിച്ച് മരണം സ്ഥിരീകരിച്ചു. ശീട്ടിൽ കാര്യങ്ങൾ വിശദമായെഴുതി.
അപകട മരണമായതു കൊണ്ട് പോലീസിന്റെ റിപ്പോർട്ട് തയ്യാറാക്കലും കഴിഞ്ഞു.
ഇനി ശരീരം പോസ്റ്റ്മോർട്ടം ചെയ്യണം.
മെഡിക്കൽ കോളേജിന്റെ വരാന്തകൾ…
ഉച്ചവെയിൽ എത്തി നോക്കുന്ന,
ചില്ലു ജാലകങ്ങളിലെ അഴികളുടെ നിഴലുകൾ അവരോടു പലതും പറയാതെ പറഞ്ഞു.
അവർ മോർച്ചറി ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു.
അവർ മോർച്ചറി ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു.
മോർച്ചറി..!
മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ – കോഴിക്കോട്.
വലിയ ഇരുമ്പ് ഗ്രില്ലിന്റെ വാതിൽ സെക്യുരിറ്റിക്കാരൻ തുറന്നു കൊടുത്തു. സമീറിനെ കിടത്തിയ സ്‌ട്രെച്ചർ ഇക്ബാൽ മുന്നിൽ നിന്ന് വലിക്കുകയും റഷീദ് തളളുകയും ചെയ്തു. സമീറിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും തിരിച്ചറിയൽ രേഖകൾ മോർച്ചറിയുടെ അറ്റൻഡർക്ക് കൊടുത്തു. വലിയ രജിസ്റ്ററിലേക്ക് മേൽവിലാസമെഴുതി. സാക്ഷികളുട പേരു വിവരങ്ങളെല്ലാം അറ്റൻഡർ എഴുതിയെടുത്തു.
സമീറിന്റെ ദേഹം സ്ട്രെച്ചറിൽ നിന്നും മാറ്റി മാർബിൾ കൊണ്ട് നിർമിച്ച ടേബിളിലേക്ക് മാറ്റിക്കിടത്തി.
സമീറിന്റെ ദേഹം സ്ട്രെച്ചറിൽ നിന്നും മാറ്റി മാർബിൾ കൊണ്ട് നിർമിച്ച ടേബിളിലേക്ക് മാറ്റിക്കിടത്തി.
ഡോക്ടർ വന്നു,
സാക്ഷികളായി ഇക്ബാലും റഷീദും…
സമീറിന്റെ ശരീരത്തിലെ അവസാന തുണിയും മാറ്റി ഒരു വെളളത്തുണി കൊണ്ട് ദേഹം മൂടി.
ഇക്ബാലും റഷീദും പുറത്തിറങ്ങി. ബന്ധുക്കളും നാട്ടുകാരും മെഡിക്കൽ കോളേജിലേക്കെത്തിച്ചേർന്നു.
സമയം വൈകുന്നേരം മൂന്ന് മണി…
സമീറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
സമീറിന്റെ മയ്യത്തും വഹിച്ചു കൊണ്ട് ആംബുലൻസ് അവന്റെ വീട്ടിലേക്ക് തിരിച്ചു…
സമീറിന്റെ മയ്യത്തും വഹിച്ചു കൊണ്ട് ആംബുലൻസ് അവന്റെ വീട്ടിലേക്ക് തിരിച്ചു…
മോർച്ചറിയുടെ മുറ്റത്ത് നിന്നും
ഇക്ബാൽ ആ യാത്ര നോക്കി നിന്നു….
സമീർ..!
ഇന്ന് സൈക്കിളിൽ കയറിയവൻ…
പാറക്കൂട്ടങ്ങളിൽ കിടന്നവൻ…
ലോറിയിൽ…
പാറക്കൂട്ടങ്ങളിൽ കിടന്നവൻ…
ലോറിയിൽ…
സ്ട്രെച്ചറുകളിൽ…
ആംബുലൻസിൽ…
മോർച്ചറിയിൽ…
പൊതുദർശനത്തിന് – മരക്കട്ടിലിൽ…
മയ്യത്ത് കട്ടിലിൽ…
അവസാനം ആറടി മണ്ണിന്റെ –
അകത്തൊരുക്കി വെച്ച –
മണ്ണറയിലെ മണിയറയിലേക്ക്…
ഇക്‌ബാൽ..!
അവൻ്റെ കൈയിലായിരുന്നു –
സമീറിന്റെ ജീവൻ പിടഞ്ഞതും…
അവസാന ശ്വാസമെടുക്കാൻ പോരാടി –
സമീറിന്റെ ജീവൻ പൊലിഞ്ഞതും…
മണ്ണിനാൽ പടച്ച മനുഷ്യനെ മണ്ണിലേക്ക് തന്നെ അടക്കപ്പെടുന്നു…
മരണം നമ്മെ സ്വാഗതം ചെയ്യാൻ ഇനിയെത്ര നിമിഷങ്ങൾ ബാക്കി…?
മരണം നമ്മെ സ്വാഗതം ചെയ്യാൻ ഇനിയെത്ര നിമിഷങ്ങൾ ബാക്കി…?